03:44pm 21 May 2026
NEWS
വേലുപ്പിള്ള പ്രഭാകരനെ മഹത്വവത്ക്കരിച്ച തമിഴ്നാട് മുഖ്യമന്ത്രി രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവ​ഗണിച്ചു; പകരം കോൺ​ഗ്രസിന് കൊടുത്തത് രണ്ട് മന്ത്രികസേര; രാജീവ് ​ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ ഒരു അനുസ്മരണ കുറിപ്പു പോലും പങ്കുവെക്കാതെ വിജയ്
21/05/2026  01:34 PM IST
nila
വേലുപ്പിള്ള പ്രഭാകരനെ മഹത്വവത്ക്കരിച്ച തമിഴ്നാട് മുഖ്യമന്ത്രി രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവ​ഗണിച്ചു; പകരം കോൺ​ഗ്രസിന് കൊടുത്തത് രണ്ട് മന്ത്രികസേര; രാജീവ് ​ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ ഒരു അനുസ്മരണ കുറിപ്പു പോലും പങ്കുവെക്കാതെ വിജയ്

ചെന്നൈ: എൽടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ച തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയെ അനുസ്മരിച്ചില്ല. ഇന്ന് രാജീവ് ​ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ രാജീവ് ​ഗാന്ധിയെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പ് പോലും വിജയ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചില്ല. അതേസമയം, രണ്ട് കോൺ​ഗ്രസ് എംഎൽഎമാർ ഇന്ന് വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. വിജയ് നേരത്തേ എൽടിടിഇ മേധാവി വേലുപ്പിള്ള പ്രഭാകരന്റെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ കുറിപ്പ് പങ്കുവെച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. രാജീവ് ​ഗാന്ധി വധവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലുള്ള സംഘടനയാണ് എൽടിടിഇ. രാജീവ് ​ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അന്ന് വെറും നാൽപ്പത്താറ് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. എൽടിടിഇ നടത്തിയ ഭീകരാക്രമണത്തിലാണ് രാജീവ് ​ഗാന്ധി കൊല്ലപ്പെട്ടത്. അന്ന് വേലുപ്പിള്ള പ്രഭാകരനായിരുന്നു എൽടിടിഇയുടെ തലവൻ. പിന്നീട്, 2009 മേയ് 18നാണ് ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇയെ പരാജയപ്പെടുത്തി നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചത്.

വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ച വിജയ് രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവ​ഗണിച്ചു

മുൻ എൽ.ടി.ടി.ഇ തലവൻ വി. പ്രഭാകരന്റെ(വേലുപിള്ള പ്രഭാകരൻ) ചരമവാർഷികത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ് ജോസഫ് ആദരാഞ്ജലി അർപ്പിച്ച സംഭവം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതുറക്കുന്നത്. കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ​ഗാന്ധിയെ വധിച്ചത് എൽ.ടി.ടി.ഇ ആയിരുന്നു. ഇപ്പോഴത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പിതാവ് രാജീവ് ​ഗാന്ധിയെ വധിച്ച സംഘടനയുടെ ഏറ്റവും ഉന്നതനായ നേതാവിന് കോൺ​ഗ്രസ് പിന്തുണയിൽ ഭരിക്കുന്ന വിജയ് ആദരാഞ്ജലി അർപ്പിച്ചതോടെ കോൺ​ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വിജയ് യുടെ ടിവികെ പാർട്ടിക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് കോൺ​ഗ്രസായിരുന്നു. കോൺ​ഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. അങ്ങനെയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രി വിജയ്, വേലുപിള്ള പ്രഭാകരനെ അനുസ്മരിച്ചതിനോട് കോൺ​ഗ്രസ് നേതൃത്വം എങ്ങനെ പ്രതികരിക്കും എന്നത് സർക്കാരിന്റെ നിലനിൽപ്പിന് തന്നെ നിർണായകമാണ്. 

അതേസമയം, വേലുപിള്ള പ്രഭാകരന് തമിഴ്നാട് മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ച‌ സംഭവത്തിൽ കോൺഗ്രസിന്റെ മൗനം ചോദ്യം ചെയ്ത് ബിജെപി രം​ഗത്തെത്തിയിരുന്നു. വിജയിയുടെ പ്രതികരണത്തെ വിമർശിച്ച ബിജെപി നേതാവ് അമിത് മാളവ്യ, അധികാരത്തിൽ പങ്ക് കിട്ടുന്നുവെങ്കിൽ കോൺഗ്രസിന് ഇതിൽ പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് പരിഹസിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയെ വധിച്ചത് എൽ.ടി.ടി.ഇ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രി എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ളൈ പ്രഭാകരന് ആദരാഞ്ജലി അർപ്പിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് ഈ സംഘടനയാണ്. എന്നാൽ അധികാരത്തിൽ പങ്ക് ലഭിക്കുന്നുവെങ്കിൽ രാഹുൽ ​ഗാന്ധിക്ക് ഇതിൽ യാതൊരു പ്രശ്നവുമുണ്ടാകില്ല. ഡി.എം.കെയും എൽ.ടി.ടി.ഇ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ്. എന്നിട്ടും കോൺഗ്രസ് അവരുമായി സഖ്യത്തിൽ തുടരാൻ സുഖകരമായ നിലപാടിലായിരുന്നു,” മാളവ്യ പറഞ്ഞു.

ശ്രീലങ്കൻ തമിഴർക്ക് വിജയ് യുടെ ഐക്യദാർഢ്യം

ശ്രീലങ്കൻ തമിഴർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിജയ് വേലുപിള്ള പ്രഭാകരന്റെ മരണത്തെ അനുസ്മരിച്ചത്. 2009 മെയ് 18ന്  വേലുപ്പിള്ള പ്രഭാകരൻ ശ്രീലങ്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മുല്ലൈവൈക്കൽ എന്ന സ്ഥലത്തെ സ്മരിച്ച് കൊണ്ടായിരുന്നു വിജയിയുടെ പ്രതികരണം.

"മുല്ലൈവൈക്കലിന്റെ ഓർമകൾ ഞങ്ങൾ ഹൃദയങ്ങളിൽ വഹിക്കും! കടലിനക്കരെ താമസിക്കുന്ന ഞങ്ങളുടെ തമിഴ് ബന്ധുക്കളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എപ്പോഴും ഐക്യദാർഢ്യത്തോടെ നിലകൊള്ളും!” എക്‌സിലെ ഒരു പോസ്റ്റിൽ വിജയ് കുറിച്ചു. ആഗോളതലത്തിൽ ശ്രീലങ്കൻ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മെയ് 18 മുല്ലൈവൈക്കൽ അനുസ്മരണ ദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ പരാമർശം. 

രാജീവ് ​ഗാന്ധിയെ മറന്ന വിജയ് കോൺ​ഗ്രസിന് നൽകിയത് രണ്ട് മന്ത്രികസേര

രാജീവ് ​ഗാന്ധി കൊല്ലപ്പെട്ടത് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ്. എന്നാൽ, രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഒരു കുറിപ്പ് പങ്കുവെക്കാൻ പോലും വിജയ് തയ്യാറായില്ല. ഇതാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ മരണത്തെ മഹത്വവത്ക്കരിക്കുകയും രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവ​ഗണിക്കുകയും ചെയ്യുന്ന വിജയ് ഇന്ത്യൻ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന ചോദ്യവും ഉയരുന്നു.

അതേസമയം, രാജീവ് ​ഗാന്ധിയെ അവ​ഗണിച്ചെങ്കിലും തനിക്ക് മുഖ്യമന്ത്രി കസേര ലഭിക്കാൻ ഒറ്റ രാത്രികൊണ്ട് പാളയംമാറിയെത്തിയ കോൺ​ഗ്രസിനെ വിജയ് മറന്നില്ല. ഇന്ന് സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചപ്പോൾ രണ്ട് കോൺ​ഗ്രസുകാരെയാണ് വിജയ് തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. നേരത്തേ പത്തു പേരുണ്ടായിരുന്ന മന്ത്രിസഭ 33 അംഗങ്ങളായി വികസിപ്പിച്ചു. കോൺഗ്രസിൽ നിന്നുള്ള രണ്ട് എംഎൽഎമാരടക്കം 23 പുതിയ അംഗങ്ങൾ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു സഖ്യ സർക്കാർ നിലവിൽ വന്നു.

ചെന്നൈയിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിജയ് ചടങ്ങിൽ സന്നിഹിതനായിരുന്നു. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട്ടിൽ കോൺ​ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത്. അപ്പോഴും വിജയ് മുൻപ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവ​ഗണിച്ചതിനെ കുറിച്ച് ഒരുവാക്കുപോലും മിണ്ടാൻ കോൺ​ഗ്രസ് നേതാക്കൾ തയ്യാറാകുന്നുമില്ല. 

ഇന്ത്യയിൽ എൽ.ടി.ടി.ഇയ്ക്ക് വിലക്ക്

1991-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന കാരണത്താൽ ഇന്ത്യയിൽ എൽ.ടി.ടി.ഇയ്ക്ക് നിരോധനമുണ്ട്. ആ കേസിൽ പ്രധാന പ്രതിയായി പ്രഭാകരനെയാണ് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ലോകമെമ്പാടുമുള്ള ശ്രീലങ്കൻ തമിഴ് പ്രവാസികളും ഇന്ത്യയിലെ നിരവധി തമിഴരും മേയ് 18-നെ “മുള്ളിവായ്ക്കാൽ അനുസ്മരണ ദിനം” അല്ലെങ്കിൽ “തമിഴ് ജനവിഴുങ്ങൽ അനുസ്മരണ ദിനം” ആയി ആചരിക്കുന്നു. 2009-ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ രൂക്ഷമായ അവസാനഘട്ടത്തിൽ മുള്ളിവായ്ക്കാൽ പ്രദേശത്ത് കൊല്ലപ്പെട്ടതും പരിക്കേറ്റതും കാണാതായതുമായ ആയിരക്കണക്കിന് തമിഴ് സാധാരണക്കാരെ അനുസ്മരിക്കുന്ന ദിനമാണിത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img